09 September, 2022 06:50:04 PM


മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു



ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ എടുത്ത യു.എ.പി.എ. കേസിലാണ് ഉപാധികളോടെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വരുന്ന 6 ആഴ്ച ഡൽഹിയിൽ കഴിയാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം വേണമെങ്കിൽ കേരളത്തിലേക്ക് പോകാം എന്ന് കോടതി വ്യക്തമാക്കി.

അതേസമയം, സിദ്ദീഖ് കാപ്പനെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു യു.പി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ 6 ആഴ്ചകൾക്ക് ശേഷം നാട്ടിലേക്ക് പോകാം എന്നുള്ള ഉപാധിയാണ് സുപ്രീം കോടതി സിദ്ദിഖ് കാപ്പന് മുന്നില്‍ വെച്ചിരിക്കുന്നത്.

വിചാരണ നടപടി ഉടൻ ആരംഭിക്കുമോ എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാൻ ഞങ്ങൾ നടപടിയെടുക്കുന്നു എന്നാണ് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ അറിയിച്ചത്.

കസ്റ്റഡിയിൽ ഏറെകാലമായി സിദ്ദിഖ് എന്തിന് കാപ്പൻ തുടരുന്നു എന്ന നിർണ്ണായക ചോദ്യം ഉന്നയിച്ച ജസ്റ്റിസ് യു.യു. ലളിത്, തിരിച്ചറിയൽ കാർഡുകളും ലഘുലേഖകളും അല്ലാതെ എന്തെങ്കിലും സ്ഫോടക വസ്തുക്കൾ സിദ്ദിഖ് കാപ്പനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടോ എന്നും  ചോദിച്ചു. പിടിച്ചെടുത്ത ലഘുലേഖകൾ എല്ലാം തന്നെ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. കാറിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്നും അദ്ദേഹം വാദിച്ചു.

മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുന്നതിൽ എന്താണ് തെറ്റ് എന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മാത്രമാണ് നീതി ലഭിക്കുക എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K