03 September, 2022 07:42:35 PM
കിഷോര്‍ കുമാറിന്‍റെ മുംബൈയിലെ ബംഗ്ലാവ് ഇനി വിരാട് കോലിയുടെ റെസ്റ്റോറന്‍റ്
മുംബൈ: അന്തരിച്ച നടനും ഗായകനുമായ കിഷോർ കുമാറിന്‍റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന് സ്വന്തം. 'ഗൗരി കുഞ്ച്' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗമാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തന്റെ അടുത്ത റെസ്റ്റോറന്റിനായി ഏറ്റെടുത്തിരിക്കുന്നത്. കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ എയ്റ്റ് കമ്മ്യൂണ്‍ എന്ന റസ്റ്ററന്റ് ശ്യംഖലയിലെ പുതിയ ശാഖയാണ് ഗൗരി കുഞ്ചിലേയ്ക്ക് എത്തുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിരാട് കോഹ്‌ലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിരാട് കോലിയുടെ ജന്മനാടായ ഡൽഹിയിലും കൊൽക്കത്തയിലും പൂനെയിലും ശൃംഖലയ്ക്ക് റെസ്റ്റോ ബാറുകൾ ഉണ്ട്. ജുഹു സ്‌പെയ്‌സിൽ മുമ്പ് 'ബി മുംബൈ' എന്ന പേരിൽ ഒരു റെസ്റ്റോറന്‍റ് ആണ് പ്രവർത്തിച്ചിരുന്നത്. അത് ഇപ്പോൾ അടച്ചിരിക്കുകയാണ്. അഞ്ച് വർഷത്തേക്കാണ് വിരാട് കോഹ്‌ലി ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. റെസ്റ്റോറന്റ് എപ്പോൾ വേണമെങ്കിലും തുറക്കാൻ സജ്ജമാണെന്നും കോഹ്‌ലി അറിയിച്ചു.
വൺ എയിറ്റിന് കീഴിൽ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഷൂകൾ, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ബ്രാൻഡുകളുണ്ട്. നിലവിൽ ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിന്റെ ഭാഗമാണ് കോഹ്‌ലി . മികച്ച ഫോമിലേക്ക് വിരാട് മടങ്ങിവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കർശനമായ ഭക്ഷണക്രമത്തിനും ഫിറ്റ്‌നസിന്റെ കാര്യത്തിലും വിരാട് എന്നും ശ്രദ്ധ കൊടുത്തിരുന്നു. അദ്ദേഹത്തിന് സ്പോർട്സുമായി ബന്ധപ്പെട്ട ബ്രാൻഡുകൾക്ക് പുറമെ വെൽനസ് ഉൽപ്പന്നങ്ങളുടെ ബ്രാൻഡുകളുമുണ്ട്.