02 September, 2022 10:09:36 PM


മഫ്തിയിൽ എത്തിയ ഡിസിപിയോട് കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് സസ്പെൻഷൻ



ജയ്പൂര്‍: യൂണിഫോം ധരിക്കാതെ കാറിലെത്തിയ ഡിസിപിയോട് കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് സസ്പെൻഷൻ. ജയ്പൂർ നഗരത്തിൽ ട്രാഫിക് സിഗ്‌നലുകളിലൊന്നിലാണ് സംഭവം. കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാരോപിച്ചായിരുന്നു പിഴ ആവശ്യപ്പെട്ടത്. പിന്നാലെ പിഴ ഒഴിവാക്കാന്‍ കോണ്‍സ്റ്റബിള്‍ 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടക്കുന്നു. ജയ്പൂര്‍ നോര്‍ത് ഡിസിപി പരിസ് ദേശ്മുഖും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ഔദ്യോഗിക വാഹനം ഒഴിവാക്കി തന്റെ ഗണ്‍മാനും ഡ്രൈവര്‍ക്കും ഒപ്പമായിരുന്നു ഡിസിപിയുടെ യാത്ര.

ട്രാന്‍സ്പോര്‍ട് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോടറി സര്‍കിളില്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ ഡിസിപിയുടെ വാഹനം തടഞ്ഞത്. പിഴയടയ്ക്കാനാണ് രാജേന്ദ്ര പ്രസാദ് എന്ന പൊലീസുകാരന്‍ ഡിസിപിയോട് ആദ്യം ആവശ്യപ്പെട്ടത്. പിഴ ഒഴിവാക്കാന്‍ തനിക്ക് 500 രൂപ മതിയെന്നും പിന്നീട് കോണ്‍സ്റ്റബിള്‍ പറയുകയുണ്ടായി.

തുടര്‍ന്ന് ഇക്കാര്യം ഡിസിപി മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും കോണ്‍സ്റ്റബിളിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. അതേസമയം നഗരത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ട് തിരിച്ചറിയാന്‍ പൊലീസുകാരന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ പൊലീസ് തലത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K