30 August, 2022 07:41:30 AM


എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും



ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ ജി 23 സംഘത്തിന്‍റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണ് സംഘത്തിന്‍റെ വിലയിരുത്തല്‍. തരൂര്‍ മത്സരത്തിനൊരുക്കമല്ലെങ്കില്‍ മാത്രമാകും മനീഷ് തിവാരി മത്സരത്തിനിറങ്ങുക. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും സംഘാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്.


സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കോ​ണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനുള്ള വഴിയാണെന്ന അഭിപ്രായമാണ് ശശി തരൂരിന്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള ഡസന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാണെന്നും അദ്ദേഹം പറയുന്നു.


തെരഞ്ഞെടുപ്പ് പാര്‍ട്ടിയോടുള്ള ദേശീയ താല്‍പര്യം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ വോട്ടര്‍മാരെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുമെന്നുമാണ് തരൂരിന്‍റെ അഭിപ്രായം. അതേസമയം, എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് ഇതുവരെ ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണ് നിശ്ചയിച്ചിരിക്കുന്നത്.


ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബര്‍ എട്ടിന് തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണ് ജി 23 ക്യാമ്പില്‍ നടക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിയില്‍ മാറ്റം ആവശ്യപ്പെട്ട് 2020 ആഗസ്റ്റിലാണ് ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K