28 August, 2022 07:24:47 AM
മരട് ഫ്ളാറ്റിന്‍റെ മാതൃകയില്‍ നോയിഡയിലെ ഇരട്ട ടവറുകള്‍ ഇന്ന് നിലംപൊത്തും
നോയിഡ: മരട് ഫ്ളാറ്റിന്‍റെ മാതൃകയില്‍ നോയിഡയിലെ ഇരട്ട ടവറുകള്‍ ഇന്ന് പൊളിച്ചുനീക്കും. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. ഉച്ചയ്ക്ക് 2.30നാണ് കുത്തബ് മിനാറിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പ്രശസ്തമായ ഇരട്ട ടവറുകള്‍ നിലംപൊത്തുക.
അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സുപ്രിംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എഞ്ചിനീയറിംഗും ദക്ഷിണാഫ്രിക്കന്‍ കമ്പനി ഡെമോളിഷനുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഇംപ്‌ളോഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടം പൊളിക്കാന്‍ 15 സെക്കന്റാണ് വേണ്ടിവരുന്നത്. പൊളിക്കലിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളിലെ അയ്യായിരത്തോളം താമസക്കാരേയും 2500 വാഹനങ്ങളും രാവിലെ 7.30ഓടെ ഒഴിപ്പിക്കും. നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേയില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.