26 August, 2022 04:41:50 PM


ബിജെപിയിലേക്ക് ഇല്ല: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്



ന്യൂഡൽഹി: താൻ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന് കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് രാജിക്ക് പിന്നാലെ അദ്ദേഹം പുതിയ പാര്‍ട്ടി  പ്രഖ്യാപിച്ചിരിക്കുന്നത്.  'ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു. സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും' ആസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പിന്നാലെ ജമ്മുകശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും രാജി കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച്‌ മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീര്‍ഘനാളായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ തുടരുന്ന പോരിനെ തുടര്‍ന്നാണ്‌ വികാര്‍ റസൂല്‍ വന്നിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K