19 August, 2022 07:59:44 PM


മദ്യനയം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ 15 പേർക്കെതിരെ സിബിഐ കേസ്



ന്യൂഡൽഹി: എക്സൈസ് അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ കേസെടുത്തു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്‌ ഒന്നാം പ്രതി. എഫ്‌ഐആറിൽ, സിസോദിയയും മറ്റുള്ളവരും 2021-22 വർഷത്തേക്കുള്ള ഡൽഹി സംസ്ഥാന സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുന്നതിലും എടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചതായി സിബിഐ പറയുന്നു.

എക്‌സൈസ് നയത്തിൽ വരുത്തിയ പരിഷ്‌കരണം, ലൈസൻസിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, അംഗീകാരമില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങിയ ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നിരുന്നു. ഈ പ്രവൃത്തികളുടെ എണ്ണത്തിൽ നിയമവിരുദ്ധമായ നേട്ടങ്ങൾ സ്വകാര്യ കക്ഷികൾ ബന്ധപ്പെട്ട പൊതുപ്രവർത്തകർക്ക് വഴിതിരിച്ചുവിടുകയും അവരുടെ അക്കൗണ്ട് ബുക്കുകളിൽ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ഡൽഹി, ഗുരുഗ്രാം, ചണ്ഡീഗഢ്, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ, ബംഗളൂരു തുടങ്ങി 31 സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടത്തിയതായും സിബിഐ പത്രകുറിപ്പിൽ വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചിട്ടുണ്ട്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതി, ഓഫീസ്, കാര്‍ തുടങ്ങി ഇദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

അതേസമയം മനീഷ് സിസോദിയയുടെ വീട്ടിൽ നടന്ന സിബിഐ റെയ്ഡ് പരിഹാസ്യമാണെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദ പറഞ്ഞു. അന്വേഷണ ഏജൻസിയ്ക്ക് പരിശോധനയില്‍ ജ്യോമിട്രി ബോക്സും പെൻസിലും റബ്ബറും കണ്ടെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ തൂക്കം നല്‍കുന്ന ഭരണമാതൃകയാണ് എഎപി പിന്തുടരുന്നത്. അതിനെ തടയുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത് എന്ന് രാഘവ് ഛദ്ദ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K