18 August, 2022 06:13:01 PM
ജോലിസ്ഥലത്തേയ്ക്ക് മടങ്ങവെ കാണാതായ മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രളയത്തിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി. റണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജിന്‌റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മധ്യപ്രദേശിൽ പച്മഡിയിൽ വച്ചായിരുന്നു കാണാതായത്. കാർ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽപ്പെട്ടതാണെന്നാണ് സംശയം.
ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയായിരുന്നു നിർമല്‍ ശിവരാജിനെ കാണാതായത്. മധ്യപ്രദേശിലെ പച്മഡി എ ഇ സി ട്രെയിനിങ് കോളേജ് ആൻഡ് സെന്ററിലാണ് നിലവിൽ നിർമൽ സേവനം അനുഷ്ഠിച്ചിരുന്നത്. മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി കെ ശിവരാജന്റെ മകനാണ്.
ഓഗസ്റ്റ് 15 ന് ഭാര്യയെ ജബൽപൂരിൽ എത്തി സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. 15 ന് വൈകീട്ട് 7.30 നാണ് വീട്ടുകാരെ വിളിച്ചത്. ജോലിസ്ഥലത്തേക്ക് എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് പറഞ്ഞത്. റോഡിൽ തടസ്സമുള്ളതിനാൽ വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. ഇതിനു ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല.
വാഹനത്തിലെ ജിപിഎസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്‍റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചില്‍ നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയിരുന്നു. തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ നിര്‍മ്മലിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. വെള്ളപൊക്കത്തിൽ കാർ അപകടത്തില്‍ പെട്ടെന്നാണ് നിഗമനം.