10 August, 2022 12:15:45 PM
കുട്ടികളുണ്ടാകാനുള്ള പൂജയുടെ മറവില്‍ ബലാത്സംഗം: ആൾദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍
ഭോപ്പാല്‍: ബലാത്സംഗ കേസിൽ ആൾദൈവം മിര്‍ച്ചി ബാബ (വൈരാഗ്യാനന്ദ ഗിരി) അറസ്റ്റില്‍. ആശ്രമത്തിലെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച ഗ്വാളിയാറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭർത്താവും ഇയാളെ കാണാനായി എത്തിയത്.
ചില പൂജകൾ ചെയ്താൽ ഗർഭം ധരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പൂജയുടെ മറവിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതിക്കാരിയുടെ ആരോപണം. ആശ്രമത്തിൽ എത്തിയപ്പോൾ പ്രസാദമെന്ന് പറഞ്ഞ് പ്രതി എന്തോ നല്‍കിയെന്നും അത് കഴിച്ചതിന് പിന്നാലെ തളർന്നുവീണെന്നും പരാതിയിൽ പറയുന്നു. ഈ സമയത്ത് ബലാത്സംഗം ചെയ്തെന്നും സോഷ്യൽ സ്റ്റിഗ്മ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്‍റെ വിജയത്തിനായി യാഗം നടത്തി മിർച്ചി ബാബ വാർത്തകളിലിടം നേടിയിരുന്നു. നേരത്തെ, ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയ ആള്‍ദൈവമാണ് മിര്‍ച്ചി ബാബ.