08 August, 2022 04:29:44 PM


ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം; ഒരു വിദ്യാര്‍ഥി മരിച്ചു, വ്യാപക നാശനഷ്ടം



ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിൽ മേഘവിസ്ഫോടനം. മണ്ണിടിച്ചിലിൽ മതിൽ തകർന്ന് വിദ്യാർഥി മരിച്ചു. രണ്ട് പേർക്ക് പരുക്ക്. കിഹാർ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തിൽ രാത്രി വൈകിയാണ് സംഭവം.

നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കനത്ത മഴയിൽ ദണ്ഡ് നാലയിൽ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു.

ഭർമൂർ-ഹദ്‌സർ റോഡിൽ പ്രംഗാലയ്ക്ക് സമീപം പാറ വീണതിനെ തുടർന്ന് പാലം തകർന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയിൽ പാലങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകൾ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K