05 August, 2022 08:27:40 AM
യൂണിഫോമിട്ട് പോലീസുകാർ റാംപിൽ ചുവട് വച്ചത് വിവാദമായി; അഞ്ച് പേർക്കെതിരെ നടപടി
നാഗപട്ടണം: സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് തമിഴ്നാട്ടിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സ്ഥലംമാറ്റി. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പോലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്.
മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പോലീസുകാർക്ക് എതിരെയാണ് നടപടി എടുത്തത്. ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരം നടി യാഷിക ആനന്ദാണ് ഉദ്ഘാടനം ചെയ്തത്. മത്സരത്തിൽ പോലീസുകാരും റാംപില്‍ ചുവട് വയ്ക്കുകയും ഇതിന്റെ വീഡിയോയും വാർത്തയും വൈറലാകുകയും ചെയ്തിരുന്നു.
സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നാഗപട്ടണം എസ്പി തിരു. ജി. ജവഹർ സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സെമ്പനാർകോവിൽ പോലീസ് സ്റ്റേഷനിലെ സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ, സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവർക്കെതിരെയാണ് നടപടി.