29 July, 2022 07:58:00 PM
'രാഷ്ട്രപത്നി' പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എം പി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ 'രാഷ്ട്രപത്നി' എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എം പി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്. തനിക്ക് സംഭവിച്ച നാക്കുപിഴയായിരുന്നു പരാമർശം എന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. പിഴവ് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നു.
'താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്ന് ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യത്ഥന' - അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോട് പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്ക് പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോട് പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.
കോൺഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ തന്നെ കോൺഗ്രസ് നിരന്തരം അപകീർത്തിപരമായ പരാമർശങ്ങളാണ് നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.