29 July, 2022 06:56:22 AM
പാലം കടക്കവെ കാർ ഒഴുക്കിൽപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ മരിച്ചു
ജയ്പുർ: കാർ ഒഴുക്കിൽപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ മരിച്ചു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം. ജനതാ കോളനി സ്വദേശി മനീഷ് മേഘ്വാൾ(42) ആണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാലം കടക്കുന്നതിനിടെ കാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
ബുണ്ടിയിലെ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മനീഷ്, ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെ സംഭവസ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെടുത്തത്. കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ഡിഎസ്പി ഹേമന്ത് കുമാർ അറിയിച്ചു.