27 July, 2022 02:54:23 PM


ഇഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി; സ്വത്ത് കണ്ടുകെട്ടാനും അധികാരം



ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി. 2002 ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളും ഇഡിയുടെ വിശാല അധികാരവും ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്. ഇഡിയുടെ വിശാല അധികാരങ്ങള്‍ പലതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. 

സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. 242 ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഭൂരിഭാഗം ഹര്‍ജികളും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യല്‍ - സെക്ഷന്‍ 5, കണ്ടുകെട്ടല്‍ - സെക്ഷന്‍ 8(4), പരിശോധന നടത്തല്‍ - സെക്ഷന്‍ 15, പിടിച്ചെടുക്കല്‍ - സെക്ഷന്‍ 17,19 എന്നീ വകുപ്പുകള്‍ക്കുള്ള ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചു. ഇഡി ഓഫീസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലെന്നും അതിനാല്‍ ഇവര്‍ സെക്ഷന്‍ 50 പ്രകാരം രേഖപ്പെടുത്തുന്ന മൊഴി ഭരണഘടയുടെ ആര്‍ട്ടിക്കള്‍ 20(3)ന്റെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) എഫ്‌ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണല്‍ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറുമായി ബന്ധപ്പെട്ട സിആര്‍പിസി വ്യവസ്ഥകള്‍ ഇസിഐആറിന് ബാധകമല്ല. കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഇസിഐആര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുറ്റാരോപിതന് ഇസിഐആര്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസിഐആര്‍ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, അറസ്റ്റിന്റെ സമയത്ത് മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിതനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K