19 July, 2022 10:45:55 AM
ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ ജനസംഖ്യ പരിഗണിച്ചാവണം - സുപ്രീംകോടതി
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ ജനസംഖ്യ പരിഗണിച്ചാവണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് ഭൂരിപക്ഷമായ സമുദായത്തെ ന്യൂനപക്ഷമായി കണക്കാക്കരുതെന്നും കോടതി പറഞ്ഞു. ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ അവരെ ന്യൂനപക്ഷമായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
ഇത്തരം സംസ്ഥാനങ്ങളുടെ ഒരു പട്ടികയും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു. ലഡാക്കില്‍ ഒരു ശതമാനവും, മിസോറാമില്‍ 2.8 ഉം നാഗാലാന്‍ഡില്‍ 87 ഉം, മേഘാലയയില്‍ 11.5 ഉം അരുണാചല്‍പ്രദേശില്‍ 38.5 ഉം പഞ്ചാബില്‍ 39 ഉം മണിപ്പൂരില്‍ 41.3 ഉം ശതമാനമാണ് ഹിന്ദുക്കള്‍ ഉള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ ഹിന്ദു വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന അടിസ്ഥാനത്തില്‍ വേണം ലിംഗപരമായോ, ഭാഷാപരമായോ, മതപരമായോ ഉള്ള ന്യൂനപക്ഷങ്ങളെ നിര്ണ്ണയിക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷങ്ങളെ തീരുമാനിക്കേണ്ടത് അതത് സംസ്ഥാനങ്ങളാണ്.