18 July, 2022 10:12:41 PM
ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടയുടമ അറസ്റ്റില്‍
ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രൊഫസറാണെന്ന് പറഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടയുടമ അറസ്റ്റില്‍. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന്‍ ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു.
2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന്‍ രണ്ടാമത് വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐഐടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പറഞ്ഞാണ് പ്രഭാകരന്‍ മയൂരിയെ വിശ്വസിപ്പിച്ചത്.
മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിന് സമ്മതം നല്‍കുകയായിരുന്നു. 110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പ്രഭാകരന് സ്ത്രീധനമായി ലഭിച്ചു.
വിവാഹ ശേഷം എല്ലാദിവസവും പ്രഭാകരന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ തിരിച്ചെത്തുകയുള്ളൂ. വീട്ടില്‍ സമയം ചെലവഴിക്കാത്തതിനെ ചോദ്യംചെയ്തപ്പോള്‍ പ്രഭാകരന്‍ മയൂരിയെ മര്‍ദിച്ചു. പ്രൊഫസറായതിന്റെ തിരക്കുമൂലമാണ് മകന് വീട്ടില്‍ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് രക്ഷിതാക്കളും മയൂരിയെ തെറ്റിദ്ധരിപ്പിച്ചു. പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ മയൂരിയുടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് മയൂരിയും സഹോദരനും മദ്രാസ് ഐ.ഐ.ടി.യില്‍ നേരിട്ടുചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്.
ഇതിനിടയില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണം വിറ്റ് പ്രഭാകരന്‍ കടങ്ങള്‍ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. അശോക് നഗര്‍ വനിതാപോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.