12 July, 2022 08:14:50 PM
'മോദിയുടെ കൊല്ലാൻ അലറുന്ന സിംഹം'; പരിഷ്കരിച്ച ദേശീയ ചിഹ്നം വിവാദത്തിൽ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം അനാഛാദനം ചെയ്തതിനു പിന്നാലെ വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോ കസ്തംഭം പരിഷ്കരിച്ച് അപമാനിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് മുഖ്യമായും ആരോപണം ഉന്നയിച്ചത്.
ദേശീയ ചിഹ്നത്തിലെ സൗമ്യഭാവമുള്ള സിംഹങ്ങൾക്ക് പുതിയ ശിൽപ്പത്തിൽ ക്രൗര്യഭാവമാണെന്ന് ആർജെഡി ആരോപിച്ചു. യഥാർഥ ദേശീയ ചിഹ്നത്തിന് സൗമ്യഭാവമാണ്. എന്നാൽ അമൃതകാലത്ത് നിർമിച്ചവ രാജ്യത്തെ എല്ലാറ്റിനെയും തിന്നുതീർക്കാനുള്ള പ്രവണതയാണ് അടയാളപ്പെടുത്തുന്നത്- ആർജെഡി ട്വീറ്റ് ചെയ്തു.
തന്റെ ഭരണകാലത്തെ അമൃത് കാലമെന്ന് മോദി നേരത്തെ വിശേഷിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ട്വീറ്റ്. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെയും ചിന്തകളെയാണ് പ്രതിധാനം ചെയ്യുന്നത്. ചിഹ്നങ്ങൾ മനുഷ്യന്റെ യഥാർഥ സ്വഭാവം വിളിച്ചറിയിക്കുമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു.
ദേശീയ ചിഹ്നമായ ആശോക സ്തംഭത്തിലെ സിംഹ സൃഷ്ടിയെ അപമാനിച്ചെന്ന് തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ ജവഹർ സർക്കാർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ പതിപ്പായ ദേശീയ ചിഹ്നം മുരളുന്നതും അനാവശ്യമായ ആക്രമണോത്സുകത കാണിക്കുന്നതും പൊരുത്തമില്ലാത്തതുമാണ്. ലജ്ജാകരം! ഉടൻ മാറ്റണമെന്ന് ജവഹർ സർക്കാർ ട്വിറ്ററിൽ ആവശ്യപ്പെട്ടു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാഛാദനം ചെയ്തത്. ആറര മീറ്റർ ഉയരവും 9,500 കിലോ തൂക്കവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചിട്ടുള്ളത്. കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹാ യത്തോടെ എട്ട് വ്യത്യസ്ത ഘട്ടങ്ങൾക്കു ശേഷം ഒൻപത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.