01 July, 2022 05:49:30 PM
ഫ്രീക്ക് ലുക്കിലെത്തിയ 100 ഓളം കുട്ടികളുടെ കൂട്ട മുടിവെട്ടൽ നടത്തി സ്കൂൾ അധികൃതര്‍
ചെന്നൈ: മുടി അൽപ്പം നീട്ടിയും വെട്ടിയുമെല്ലാം ഫ്രീക്ക് ലുക്കിൽ നടക്കുന്നതാണ് ഇപ്പോൾ കൌമാരക്കാർക്കിടയിൽ ട്രെന്റ്. എന്നാൽ ഈ ട്രെന്റൊന്നും ഇവിടെ വേണ്ടെന്നാണ് ചെന്നൈയിലെ ഒരു സ്കൂൾ അധികൃതർ പറയുന്നത്. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഫ്രീക്ക് കുട്ടികളുടെ മുടി അധികൃതർ ഇടപെട്ടുതന്നെ വെട്ടിച്ചു. ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് 100 ഓളം കുട്ടികളുടെ മുടി വെട്ടിയത്.
3000 ഓളം കുട്ടികളുള്ള സ്കൂളിൽ ചിലരുടെ മുടിയിലെ പരീക്ഷണം കണ്ടെത്തിയതോടെയാണ് അധികൃതരുടെ ഇടപെടൽ. പ്രധാനാധ്യാപകനായ അയ്യപ്പന്‍ ഓരോ ക്ലാസുകളിലുമെത്തി മുടി നീട്ടി വളർത്തിയവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ ബാർബറെ വരുത്തി മുടിവെട്ടും നടത്തി.