26 June, 2022 09:17:11 AM
"ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആര്?": രാം ഗോപാൽ വർമയ്ക്കെതിരെ കേസ്
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരായ വിവാദ പരാമർശത്തിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു. 'ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന' ട്വീറ്റിലാണ് രാം ഗോപാലിനെതിരേ കേസെടുത്തത്. തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമക്കെതിരെ പരാതി നൽകിയത്.
ട്വീറ്റിലൂടെ രാം ഗോപാൽ വർമ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ പറയുന്നു. പിന്നാലെ വിശദീകരണവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. മഹാഭാരതത്തിലെ ദ്രൗപദി തന്‍റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ പേര് അപൂർവമായതിനാൽ, ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഓർത്തുപോയതാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.