21 June, 2022 06:05:58 PM
യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി: 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ
ന്യൂഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹ മത്സരിക്കും. പൊതു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു.
പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധനെന്നു സിന്‍ഹ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉപാധ്യക്ഷ സ്ഥാനം രാജിവക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചാണ് സിന്‍ഹ സ്ഥാനാര്‍ഥിയാകുന്നത്. വിശാല പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമായെന്നു സിന്‍ഹ പറഞ്ഞു.
പൊതുസമ്മതനായ സ്ഥാനാര്‍ഥി ആരെന്നതു സംബന്ധിച്ചു പ്രതിപക്ഷത്തുണ്ടായിരുന്ന വലിയ പ്രതിസന്ധി ഇതോടെ നീങ്ങി. മുമ്പ് സ്ഥാനാര്‍ഥിയാകാന്‍ പേര് നിര്‍ദേശിക്കപ്പെട്ട മൂന്നു പേരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വോട്ടു മൂല്യം കുറവാണെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ബിജെപിക്കാണ്. രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ബിജെപി ഇന്നു യോഗം ചേരും.