19 June, 2022 10:27:15 AM
നാട്ടുകാർ 'തള്ളിയ' 10 രൂപ നാണയങ്ങൾ ശേഖരിച്ച് 6 ലക്ഷം രൂപയുടെ കാർ വാങ്ങി യുവാവ്
സേലം: രണ്ടു ചാക്ക് നിറയെ 'ആർക്കും വേണ്ടാത്ത' 10 രൂപ നാണയങ്ങൾ ശേഖരിച്ച് പ്ലേ സ്കൂൾ അധ്യാപകൻ സ്വന്തമാക്കിയത് 6 ലക്ഷം രൂപ വിലയുള്ള പുതിയ കാർ. ധർമപുരി ജില്ലയിൽ 10 രൂപ നാണയത്തിനുള്ള അപ്രഖ്യാപിത 'വിലക്കിനുള്ള' മധുരപ്രതികാരം കൂടിയാണ് ധർമപുരി ഹൊറൂറിലെ പ്ലേ സ്കൂൾ അധ്യാപകൻ വെട്രിവേലിന്റേത്. നാണയത്തുട്ടുകൾ സ്വരൂപിച്ച് കാർ വാങ്ങിയ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തന്റെ പ്ലേ സ്കൂളിലെ വിദ്യാർഥികൾ 10 രൂപ നാണയം എറിഞ്ഞു കളിക്കുന്നതു ശ്രദ്ധയിൽപെട്ട വെട്രിവേൽ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. 10 രൂപ നാണയം ആരും എടുക്കാത്തതു കൊണ്ടാണ് കുട്ടികൾക്കു കളിക്കാൻ നൽകിയതെന്നായിരുന്നു മറുപടി. ഇതേത്തുടർന്ന് വെട്രിവേൽ ബസിലും കച്ചവട സ്ഥാപനങ്ങളിലും 10 രൂപയുടെ നാണയം നൽകിനോക്കിയെങ്കിലും ആരും എടുത്തില്ല. ഈ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന തെറ്റായ പ്രചാരണമാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കി.
ഇതോടെ ധർമപുരിയിലെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി വെട്രിവേൽ 10 രൂപ നാണയം സ്വരൂപിക്കാൻ തുടങ്ങി. പകരം 10 രൂപ നോട്ട് നൽകി. ചിലർ പകരം നോട്ട് വേണ്ടെന്നു പറഞ്ഞ് നാണയം സൗജന്യമായി നൽകി. 2 മാസം കൊണ്ടാണ് 6 ലക്ഷം രൂപ സ്വരൂപിച്ചത്. പ്ലേ സ്കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും പഞ്ചായത്ത് അധികൃതരെയും കൂട്ടി സേലത്തെ മാരുതി ഷോറൂമിലെത്തി കാർ വാങ്ങി. ഷോ റൂം ജീവനക്കാർ 5 മണിക്കൂർകൊണ്ടാണു നാണയം എണ്ണിത്തീർത്തത്.
കാറിന്റെ താക്കോൽ വാങ്ങുന്ന വിഡിയോ ഷോറൂം ജീവനക്കാരാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 'ജീവിതത്തിൽ ഒരു രൂപ പോലും വിലപ്പെട്ടതാണ്, 10 രൂപ നാണയം റിസർവ് ബാങ്ക് നിർത്തിയെന്ന പ്രചാരണം തെറ്റാണ്' വിഡിയോ സന്ദേശത്തിലൂടെ വെട്രിവേൽ പറയുന്നു. 10 രൂപ നാണയത്തിന്റെ 'വിലക്ക്' ഇതോടെ തീരുമെന്നാണു പ്രതീക്ഷയെന്നും വെട്രിവേൽ പറഞ്ഞു.