16 June, 2022 07:00:25 PM
അസമിൽ മഴയും മണ്ണിടിച്ചിലും: 3 ദിവസത്തിനിടെ മരിച്ചത് ആറു പേർ; ഇതുവരെ 44 മരണം
ഗുവാഹത്തി: ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പലഭാഗങ്ങളിലും ഇന്ന് പുലർച്ചെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു ദിവസത്തിനിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്ത് ഈ വർഷമുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 44 ആയി. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഗീതാ നഗർ, സോനാപൂർ, കാലപാഹർ, നിജാരപാർ മേഖലകളിലെ റോഡ് ഗതാഗതം തടസപ്പെടുത്തിയതായി അസം ദുരന്ത നിവാരണ സേനാംഗം അറിയിച്ചു.
ശക്തമായ മഴയിൽ നഗരത്തിന്റെ നിരവധി ഭാഗങ്ങളിലെ റോഡുകൾ മുങ്ങിപ്പോയി. പലയിടത്തും റോഡുകൾ തകർന്നു. അനിൽ നഗർ, നബിൻ നഗർ, രാജ്ഘട്ട് ലിങ്ക് റോഡ്, രുക്മിണിഗവ്, ഹതിഗവ്, കൃഷ്ണ നഗർ മേഖലകളിലാണ് ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കമുണ്ടായത്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സോനാംഗങ്ങൾ ബോട്ടുൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. ഭക്ഷണമുൾപ്പെടെയുള്ള സംവിധാനങ്ങളും ദുരന്ത ബാധിതർക്ക് എത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിന് കാരണമായ അസമിലെ ഗോൾപാറ ടൗണിലുണ്ടായ മണ്ണിടിച്ചിലിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങൾ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. മണ്ണിടിച്ചിലിൽ ഇവരുടെ വീടിന്റെ പാർശ്വഭിത്തികൾ തകർന്നു, പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ അതിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഗോൽപാറയിലെ ദുരന്ത നിവാരണ സംഘം ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അസമിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ആറ് പേർ മരിച്ചു. പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് ഈ വർഷം 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഘാലയയിലെ ലുംഷ്‌നോംഗ് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള നാഷണൽ ഹൈവേ 6 ന്‍റെ ചില ഭാഗങ്ങൾ ഇടതടവില്ലാതെ പെയ്യുന്ന മഴയെത്തുടർന്ന് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ദിമ ഹസാവോ ജില്ല വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് നേരിടുന്നത്. ജില്ലയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ജില്ലാ ഭരണകൂടവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) സംസ്ഥാന പൊതുമരാമത്ത് വകുപ്പും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
അതേസമയം, താമുൽപൂർ ജില്ലയിൽ, വെള്ളപ്പൊക്കത്തിൽ നിരവധി ഗ്രാമങ്ങൾ മുങ്ങിയതിനെത്തുടർന്ന് 7,000-ത്തിലധികം ആളുകൾ ദുരിതത്തിലായി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ബൊറോലിയ, പഗ്ലാഡിയ, മോട്ടോംഗ നദികളിലെ ജലനിരപ്പ് ഉയർന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, സബ് ഹിമാലയൻ വെസ്റ്റ് ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.