15 June, 2022 04:55:27 PM
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്റെ നേതാക്കളാണ് പ്രതിഷേധം തുടരുന്നത്. നേതാക്കളെയും ജനപ്രതിനിധികളെയും ഉൾപ്പടെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കെസി വേണുഗോപാൽ പറയുന്നു.
സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. അസാധാരണ സംഭവമാണ് അരങ്ങേറുന്നതെന്നും ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇതിലും വലിയ പ്രതിഷേധം കാണേണ്ടിവരുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധം നടത്തിയ ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു. പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത് – ജെബി മേത്തർ എം.പി വ്യക്തമാക്കി.