15 June, 2022 07:18:21 AM


രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍



ചെന്നൈ: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. 

സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഹുലിനോട് നാളെയും ഹാജരാകാനാണ് ഇഡിയുടെ നേര്‍ദേശം.രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നും അറസ്റ്റിലായത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നേതാക്കളായ മാണിക്കം ടഗോര്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗഗോയ്, ദീപേന്ദര്‍ സിങ് ഹൂഡ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K