12 June, 2022 05:37:17 PM
ആഴ്ചയിൽ നാല് ദിവസം ജോലി; ജൂലൈ 1 മുതൽ പുതിയ തൊഴിൽ നിയമം നടപ്പിലാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: 2022 ജൂലൈ 1 മുതൽ, അതായത് അടുത്ത മാസം മുതൽ പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുവഴി ജീവനക്കാരുടെ ജോലി സമയം കൂട്ടി ആഴ്ച്ച തോറുമുള്ള ജോലി ദിവസങ്ങൾ കുറയ്ക്കാൻ സാധ്യത. പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ, ഒരു ജീവനക്കാരന്‍റെ ഇപിഎഫ് വിഹിതം, ജോലി സമയം, കൈയിൽ ലഭിക്കുന്ന ശമ്പളം എന്നിവയിൽ വലിയ മാറ്റമുണ്ടായേക്കും.
നാല് പുതിയ ലേബർ കോഡുകൾ നടപ്പിലാക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍റെ ശമ്പളം, പിഎഫ് സംഭാവനകൾ, ജോലി സമയം എന്നിവയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിയമങ്ങൾ എത്രയും വേഗം നടപ്പിലാക്കാനാണ് സർക്കാരിന്‍റെ ശ്രമം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും അടുത്ത മാസം മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ, ജീവനക്കാരുടെ ഓഫീസ് സമയം, ഇപിഎഫ് സംഭാവനകൾ, ടേക്ക് ഹോം സാലറി എന്നിവയുമായി ബന്ധപ്പെട്ട് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ജീവനക്കാർക്ക് മൂന്നാഴ്ചത്തെ അവധി ലഭിക്കും. പുതിയ ലേബർ കോഡുകൾ അനുസരിച്ച് പ്രതിവാര ജോലി സമയങ്ങളിൽ കുറവുണ്ടാകുമെന്ന സൂചനകളില്ല. പുതിയ തൊഴിൽ നിയമങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് ജീവനക്കാർക്ക് നാല് ദിവസത്തേക്ക് പ്രതിദിനം 10 മുതൽ 12 മണിക്കൂർ വരെ ജോലിയും ശേഷിക്കുന്ന മൂന്ന് ദിവസം അവധിയും ലഭിക്കാനാണ് സാധ്യത.
നിയമം നടപ്പിലാക്കിയാൽ ഉണ്ടാകുന്ന മറ്റൊരു പ്രധാന മാറ്റം, ടേക്ക് ഹോം സാലറിയിലും പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിൽ ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവനയിലുമുണ്ടാകുന്ന അനുപാതമാണ്. പുതിയ കോഡുകളിലെ വ്യവസ്ഥകൾ അനുസരിച്ച്, ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളം മൊത്ത ശമ്പളത്തിന്‍റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെയും തൊഴിലുടമയുടെയും പിഎഫ് സംഭാവനകൾ വർദ്ധിക്കുമെന്ന് ഇത് അർത്ഥമാക്കുന്നുണ്ടെങ്കിലും ചില ജീവനക്കാർക്ക്, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ടേക്ക് ഹോം സാലറി കുറയാനും സാധ്യതയുണ്ട്.
റിട്ടയർമെന്‍റിന് ശേഷം ലഭിക്കുന്ന പണവും ഗ്രാറ്റുവിറ്റി തുകയും പുതിയ വ്യവസ്ഥകൾ പ്രകാരം വർദ്ധിക്കാനിടയുണ്ട്. റിട്ടയർമെന്‍റിനുശേഷം മെച്ചപ്പെട്ട ജീവിതം നയിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ ഒരു ജീവനക്കാരന് ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിൽ ലഭിക്കുന്ന അവധി അടുത്ത വർഷത്തേക്ക് ലഭ്യമാക്കാനും ലീവുകൾ എൻക്യാഷ് ചെയ്യാനും സാധിച്ചേക്കും. കോവിഡ് -19 കാലത്ത് പ്രചാരത്തിൽ വന്ന വർക്ക് ഫ്രം ഹോം രീതിയും സർക്കാർ അംഗീകരിച്ചേക്കും.