04 June, 2022 12:58:33 AM
രാജ്യസഭ: ചിദംബരവും കപിൽ സിബലും ഉൾപ്പെടെ 41 പേർ എതിരില്ലാതെ ജയിച്ചു
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ 41 പേർ എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും രാജീവ് ശുക്ലയും ബിജെപി നേതാക്കളായ സുമിത്ര വാൽമികിയും കവിത പാട്ടിദാറും മുൻ കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ, ആർജെഡി നേതാവ് ഭാരതി, ആർഎൽഡി നേതാവ് ജയദ് ചൗധരി എന്നിവർ ഉൾപ്പെടെയാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ ജയിച്ചത്.
ഉത്തർപ്രദേശ്-11, തമിഴ്നാട്-6, ബിഹാർ-5, ആന്ധ്രാപ്രദേശ്-4, മധ്യപ്രദേശ്-3, ഒഡീഷ-3, ചത്തീസ്ഗഡ്-2, പഞ്ചാബ്-2, തെലുങ്കാന-2, ജാർഖണ്ഡ്-2, ഉത്തരാഖണ്ഡ്-1 എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്.
41 പേരിൽ 14 പേർ ബിജെപി അംഗങ്ങളാണ്. കോണ്‍ഗ്രസിന്റെയും വൈഎസ്ആർ കോണ്‍ഗ്രസിന്റെയും നാല് പേർ വീതവും ഡിഎംകെയുടെയും ബിജെഡിയുടെയും മൂന്ന് പേർ വീതവുമാണ് വിജയിച്ചത്. എഎപി, ആർജെഡി, ടിആർഎസ്, എഐഎഡിഎംകെ എന്നീ പാർട്ടികളിൽനിന്നും രണ്ട് പേർ വീതവും ജെഎംഎം, ജെഡിയു, എസ്പി എന്നീ പാർട്ടികളിൽനിന്നും ഓരോരുത്തരുമാണ് വിജയിച്ചത്.
15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
41 പേർ ജയിച്ചതോടെ ജൂൺ 10 ന് മഹാരാഷ്ട്രയിലെ ആറ് സീറ്റുകളിലേക്കും രാജസ്ഥാനിലെയും കർണാടകയിലെയും നാല് വീതം സീറ്റുകളിലേക്കും ഹരിയാനയിലെ രണ്ട് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്നുതന്നെ ഫലം പ്രഖ്യാപിക്കും.