01 June, 2022 08:34:40 PM


പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി കള്ളപ്പണം വെളുപ്പിച്ച കേസിൽ



ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇ ഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നതായാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് എം കെ അഷ്റഫ് അടക്കം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

‌യു എ ഇ ആസ്ഥാനമായുള്ള ഒരു ഹോട്ടൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിലായ പിഎഫ്ഐ അംഗങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എംകെ എന്നിവർക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.

പിഎഫ്ഐയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അബുദാബിയിലെ ദർബാർ റസ്റ്റോറന്റിന്റെ ഉടമയായിരുന്നു അഷ്റഫ് എന്നും ഈ റസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അബ്ദുൾ റസാഖ് ബിപിക്കും പങ്കുണ്ടെന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

ദർബാർ റസ്‌റ്റോറന്റിന്റെ നടത്തിപ്പുകാരനായ സഹോദരനിൽ നിന്ന് 48 ലക്ഷം രൂപയാണ് അഷ്‌റഫ് കൈപ്പറ്റിയെന്നും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടമർ ഇന്ത്യ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡും കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് ഇഡി ചൂണ്ടിക്കാട്ടി.
വിദേശ ബന്ധമുള്ള അംഗങ്ങളുമായി ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം വെളുപ്പിക്കാനുള്ള ലക്ഷ്യത്തോടെ കേരളത്തിൽ മൂന്നാർ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) എന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിച്ചു. 

വിധ്വംസക പ്രവർത്തനങ്ങൾക്ക് പിഎഫ്ഐ-യ്ക്ക് ഫണ്ട് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. "കണക്കിൽ പെടാത്തതായ പണം വിദേശ ഫണ്ടുകളുടേയും രൂപത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം എംവിവിപിയിൽ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി," കുറ്റപുത്രത്തിൽ പറഞ്ഞിരുന്നു.
2006 ൽ കേരളത്തിൽ രൂപീകരിക്കപ്പെട്ട , ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട്, സി എ എ വിരുദ്ധ പ്രതിഷേധങ്ങൾക്കും 2020ൽ ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങൾക്കും ധനസഹായം നൽകിയതിലെ പങ്ക് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K