01 June, 2022 04:12:25 PM
മാലയിടുന്നതിനിടെ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍
ബംഗളൂരു: വിവാഹ ചടങ്ങിൽ വരൻ മാല ചാർത്തുന്നതിനിടയിൽ കഴുത്തിൽ സ്പർശിച്ചത് എതിർത്ത് വധു. കർണാടകയിലാണ് സംഭവം. 500 ഓളം അതിഥികള്‍ പങ്കെടുത്ത വിവാഹത്തിനിടെ വധുവിന്‍റെ പെരുമാറ്റം അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് വരനും ബന്ധുക്കളും വിവാഹത്തിൽ നിന്നും പിന്മാറി.
വിവാഹ ചടങ്ങുകൾ ആരംഭിച്ചതിനു ശേഷം വരനും വധുവും പരസ്പരം മാലയിടുന്നതിനിടയിലായിരുന്നു സംഭവം. വധുവിന്‍റെ കഴുത്തിൽ മാലയിട്ട ഉടനെ വധു പിന്നോട്ട് നീങ്ങി മാല ഊരി വലിച്ചെറിഞ്ഞ് വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. മാലയിടുന്നതിനിടയിൽ വരൻ കഴുത്തിൽ സ്പർശിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നായിരുന്നു വധു മാല ഊരിയത്.
വിവാഹത്തിൽ നിന്ന് വരനും കൂട്ടരും പിന്മാറിയതോടെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദവുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തിൽ വരന്‍റെ ബന്ധുക്കൾ ഉറച്ചു നിന്നു. ഇതോടെ വധുവിന്‍റെ വീട്ടുകാരും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ തയ്യാറാക്കിയ ഭക്ഷണം അടുത്തുള്ള സ്കൂളിൽ വിതരണം ചെയ്തു.