27 May, 2022 02:24:09 PM
ആഢംബര കപ്പൽ മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മകൻ നിരപരാധിയെന്ന് എന്‍സിബി
മുംബൈ: ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് നാർകോടിക്സ് ബ്യൂറോ. എന്‍സിബി കുറ്റപത്രത്തിലാണ് ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പേർക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യൻ ഖാന് ബന്ധമുണ്ടെന്നതിന് തെളിവുകളില്ല. കപ്പലിൽ നിന്ന് ആര്യൻ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോൾ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആര്യൻ ഖാനൊപ്പം അന്ന് 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നാഴ്ച നീണ്ട ജയിൽവാസത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ഒക്‌ടോബർ 28 ന് ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ്ക്കും ആൾജാമ്യത്തിലുമാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം നിന്നത് ഷാരൂഖിന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ്.
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ.സി.ബി. പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നത് അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു.
ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ ഗൂഢാലോചന നടന്നതായുള്ള തെളിവുകൾ ഇല്ലെന്ന് കോടതി പുറത്തിറക്കിയ ജാമ്യ ഉത്തരവിലാണ് വ്യക്തമാക്കിയിരുന്നത്. തെളിവുകൾ ഹാജരാക്കാൻ എൻസിബിയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.