26 May, 2022 04:27:29 PM
ലൈംഗികത്തൊഴിൽ നിയമപരം; തൊഴിലാളികൾക്കെതിരേ പൊലീസ് നടപടി പാടില്ല - സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗിക തൊഴിൽ സംബന്ധിച്ച് നിർണായക ഉത്തരവുമായി സുപ്രീം കോടതി. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താൻ പാടില്ലെന്നും അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായശേഷം സ്വമേധയാ ലൈംഗിക തൊഴിൽ ചെയ്യുന്നവർക്കുമാണ് ഈ നിയമം ബാധകമാവുക.
ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കായി ആറ് നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികൾക്കും നിയമത്തിന്‍റെ തുല്യ സംരക്ഷണത്തിനുള്ള അർഹതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം ഒരുപോലെ ബാധകമാകണം. ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാൽ ഇടപെടുന്നതിൽ നിന്നോ ക്രിമിനൽ നടപടിയെടുക്കുന്നതിൽ നിന്നോ പൊലീസ് വിട്ടുനിൽക്കണം.
തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനൊപ്പം തന്നെ ലൈംഗിക തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയോ, കുറ്റം സ്ഥാപിക്കുകയോ, ശല്യം ചെയ്യുകയോ, വേശ്യാലയത്തിലെ റെയിഡിലേയോ മറ്റോ ഇരയാക്കി ചിത്രീകരിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിന്റെ പേരിൽ അവരുടെ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ലെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു. മനുഷ്യന്റെ മാന്യതയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാൾ വേശ്യാലയത്തിൽ താമസിക്കുന്നതായോ ലൈംഗിക തൊഴിലാളിയുടെ ഒപ്പം താമസിക്കുന്നതായോ കണ്ടെത്തിയാൽ അത് കടത്തപ്പെട്ട കുട്ടിയാണെന്ന് വിധിയെഴുതാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പരാതി നൽകുവാൻ എത്തുന്ന ലൈംഗിക തൊഴിലാളിയോട് വിവേചനപൂർവം പെരുമാറരുതെന്നും കോടതി നിർദ്ദേശിക്കുന്നു. അതിന്‌പുറമെ, ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗികത്തൊഴിലാളികൾക്ക് ഉടനടി മെഡിക്കോ-ലീഗൽ കെയർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകണമെന്നും നിർദ്ദേശിക്കുന്നു.