22 May, 2022 09:20:38 AM
പാക് യുവതിയ്ക്ക് ഔദ്യോഗിക വിവരങ്ങൾ കൈമാറിയ ഇന്ത്യൻ സൈനികൻ അറസ്റ്റിൽ
ജയ്പുർ: രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പാക് യുവതിക്കു കൈമാറിയ സൈനികൻ അറസ്റ്റിലായി. ജോധ്പുർ സൈനിക പോസ്റ്റിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രദീപ്കുമാറിനെയാണ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയിലെ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും ചോർത്തി നല്കിയെന്നാണു കേസ്.
പ്രദീപ് കുമാർ ഇന്‍റലിജൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മേയ് 18നാണു ചോദ്യം ചെയ്യലിനായി പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. മൂന്നുവർഷം മുന്പാണു പ്രദീപ് സൈന്യത്തിൽ ചേർന്നത്. ബംഗളൂരുവിലെ മിലിട്ടറി നഴ്സിംഗ് സർവീസ് ജീവനക്കാരി എന്നു സ്വയം പരിചയപ്പെടുത്തി ആറുമാസം മുന്പാണ് പ്രദീപിനെ യുവതി വിളിച്ചത്. ഡൽഹിയിൽ കാണാമെന്നും വിവാഹം കഴിക്കാമെന്നും പ്രലോഭിപ്പിച്ചശേഷം കൂടുതൽ അടുക്കുകയും രാജ്യത്തിന്‍റെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെടുക്കുകയുമായിരുന്നു.