20 May, 2022 05:06:16 PM
ഭക്ഷണപ്ലേറ്റിനായി ഉന്തും തള്ളും; ഏഴ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാർക്ക് നോട്ടീസ്
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള പ്ലേറ്റിനായി വഴക്കുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഏഴ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ ഇന്ന് ചണ്ഡീഗഡിലേക്ക് വിശദീകരണത്തിനായി വിളിപ്പിച്ചു.
മെയ് 10നായിരുന്നു സംഭവം. ഉച്ചഭക്ഷണ സമയത്ത് അധ്യാപകര്‍ പ്ലേറ്റിനായി വഴക്കിടുന്ന ദൃശ്യങ്ങള്‍ മറ്റ് ചില അധ്യാപകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഡിപ്പാര്‍ട്ട്മെന്റിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതിനാൽ ഏഴ് സ്‌കൂള്‍ മേധാവികള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫാസില്‍കയിലെയും ഗുരുദാസ്പൂരിലെയും ഡിഇഒമാരെ അറിയിച്ചു. ഇന്ന് ഹാജരായില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്‌കൂള്‍ മേധാവികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം, ചിട്ടയില്ലാത്ത രീതിൽ ക്രമീകരണങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് പഞ്ചാബിലെ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി ലുധിയാനയിലെ ഒരു റിസോര്‍ട്ടിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ യോഗം വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി യോഗത്തിന് ശേഷം അക്കാദമിക് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു.
യോഗം അവസാനിച്ചതിനു ശേഷം, അധ്യാപകര്‍ ഡൈനിംഗ് ഹാളിലേക്ക് പോയി. അവിടെ അധ്യാപകര്‍ പ്ലേറ്റിനായി പിടിവലി കൂടുകയായിരുന്നു. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ എത്തി പ്ലേറ്റ് മറ്റൊരു വശത്തേക്ക് മാറ്റി ഓരോര്‍ത്തര്‍ക്കും വിതരണം ചെയ്യുകയായിരുന്നു. ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസം പഞ്ചാബില്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. അതിന്‍റെ മുന്നോടിയായി വിദ്യാഭ്യാസ രീതിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
അതേസമയം, ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്ക് സൗജന്യ വൈദ്യുതിയും പിന്നോക്ക വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും പഞ്ചാബ് സര്‍ക്കാര്‍ ഇതിനകം നല്‍കുന്നുണ്ട്.
2016ല്‍ അവതരിപ്പിച്ച പദ്ധതി പ്രകാരമാണ് ഇവ നല്‍കുന്നത്. കൂടാതെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 100 രൂപ സ്‌റ്റൈപെന്‍ഡും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പ്രതിവര്‍ഷം 1500 കോടിയിലധികം ചെലവ് വരാനാണ് സാധ്യത. 8000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനകം പഞ്ചാബില്‍ ആവശ്യമായുള്ളത്. നെല്‍കൃഷി ചെയ്യുന്ന സമയത്ത് ഇത് 15000 മെഗാവാട്ടായി ഉയരും.
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാനും ആം ആദ്മി പാര്‍ട്ടി ഒരുങ്ങുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.