18 May, 2022 12:15:49 PM
രാജീവ് ഗാന്ധി വധം; 31 വർഷത്തിന് ശേഷം പേരറിവാളന് ജയിൽ മോചനം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ സുപ്രീംകോടതി ഉത്തരവ്. ഭരണഘടനയുടെ അനുഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. പേരറിവാളന് മാപ്പ് നല്കി വിട്ടയയ്ക്കാന് 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു.
26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന് അവസാനമായി പരോളിൽ ഇറങ്ങിയത്. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി ഒൻപത് വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.