16 May, 2022 08:11:03 PM
യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കി; വിമാനം അടിയന്തരമായി നിലത്തിറക്കി
മുംബൈ: യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ദോഹ- ബംഗളൂരു വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽവെച്ച് ബഹളമുണ്ടാക്കുകയും ജീവനക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ശനിയാഴ്ച രാത്രി ദോഹയിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരന്‍ പ്രശ്‌നം ഉണ്ടാക്കിയത്.
ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 336-ാം വകുപ്പ് അനുസരിച്ചും വിമാന ചട്ടങ്ങള്‍ പ്രകാരവുമാണ് നടപടി എടുത്തതെന്ന് പൊലീസ് പറയുന്നു.