13 May, 2022 01:17:59 PM


ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരമണിഞ്ഞ് സ്വർണ്ണനിറമുള്ള അത്ഭുത രഥം



അമരാവതി: ചുഴലിക്കാറ്റിൽ ഇന്ത്യൻ തീരമണഞ്ഞ് അത്ഭുത സുവർണ്ണ രഥം. ആസാനി ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ, സ്വർണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ  ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി സീ ഹാർബറിലാണ് കരയ്ക്കടിഞ്ഞത്. തീരദേശ നിവാസികൾ രഥം വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റി കരയിലെത്തിച്ചു.

രഥത്തിന്‍റെ ഉത്ഭവം അജ്ഞാതമാണെന്നും ഇത് മറ്റൊരു രാജ്യത്ത് നിന്ന് ഇന്ത്യയുടെ നോട്ടിക്കൽ മൈലിലേക്ക് കടന്നിരിക്കാമെന്നും പ്രാദേശിക അധികാരികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്നും കഴിവുള്ള അധികാരികൾ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുമെന്നും അവർ പറഞ്ഞു. പൊങ്ങിക്കിടക്കുന്ന പൂജാമന്ദിരം പോലെ തോന്നിക്കുന്ന വസ്തുവിൽ, 16-01-2022 എന്ന തീയതി കുറിച്ചിട്ടുള്ളതായി കണ്ടെത്തി.

രഥം വിദേശത്ത് നിന്ന് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് നൗപദ (ശ്രീകാകുളം ജില്ല) സബ് ഇൻസ്പെക്ടർ പറഞ്ഞു. മ്യാൻമറിൽ നിന്നുള്ളതാവാം എന്ന് പോലീസ് സംശയിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടിൻ ഷീറ്റ് കൊണ്ട്നിർമ്മിച്ച രഥത്തിന് സ്വർണ്ണ നിറത്തിലുള്ള കോട്ടിംഗ് നൽകിയിരിക്കുകയാണ്. രഥത്തിൽ ആരും ഉണ്ടായിരുന്നില്ല എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, ആസാനി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രക്ഷുബ്ധമായ കടൽ പ്രവാഹത്തിൽ രഥം ഒഴുകിപ്പോയി എന്നാണ് പ്രാഥമിക വിലയിരുത്തൽ. ആസാനി ചുഴലിക്കാറ്റ് ബുധനാഴ്ച ദുർബലമായതോടെ, ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും പല ഭാഗങ്ങളിലും കനത്ത മഴ തുടർന്നു. ഇത് വടക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലേക്ക് വീശുകയും, മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K