12 May, 2022 10:58:31 AM


വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചു; യാത്രക്കാരി വിമാനത്താവളത്തിൽ തളർന്നു വീണു



ന്യൂഡൽഹി: വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചതിനെത്തുടർന്നു യാത്രക്കാരി വിമാനത്താവളത്തിൽ തളർന്നു വീണു. യാത്രക്കാരിക്ക് എയർ ഇന്ത്യ അടിയന്തര മെഡിക്കൽ സഹായം എത്തിച്ചില്ലെന്നാരോപിച്ചു യാത്രക്കാരിയുടെ ബന്ധുക്കളും രംഗത്തെത്തി. ഡൽഹി വിമാനത്താവളത്തിൽ ഒരു സഹയാത്രികൻ മൊബൈൽ ചിത്രീകരിച്ച വീഡിയോയും ഇതിനോടകം പുറത്തു വന്നു. 

മധ്യവയസ്കയായ യാത്രക്കാരി വിമാനത്താവളത്തിന്‍റെ ബോർഡിംഗ് ഗേറ്റിനു സമീപം തറയിൽ കിടക്കുന്നതും ശ്വാസമെടുക്കാൻ വിഷമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, യാത്രക്കാരിക്കു അടിയന്തരസഹായം നൽകിയില്ലെന്ന ആരോപണം എ‍യർ ഇന്ത്യ നിഷേധിച്ചു. ഡോക്ടറെയും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെയും ഉടൻ വിളിച്ചതായും അവർ പറഞ്ഞു. 

സ്ത്രീയുടെ അനന്തരവൻ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ അവർക്കു പ്രമേഹവും ഹൃദ്രോഗവുമുള്ളതായും വേഗത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അഞ്ചു മിനിറ്റ് വൈകുമെന്ന് അധികൃതരെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ, യാത്രക്കാരി എത്തുംമുമ്പേ ഗേറ്റ് അടച്ചെന്നും എന്നിട്ടും അരമണിക്കൂറിനുശേഷവും വിമാനം പറന്നിട്ടില്ലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും എല്ലായ്പ്പോഴും മുൻതൂക്കം നൽകുന്നുണ്ടെന്നു എയർ ഇന്ത്യ അധികൃതർ പറഞ്ഞു. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള ഒരു എയർലൈൻ എന്ന നിലയിൽ, റെഗുലേറ്ററി അധികാരികൾ നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മറ്റെല്ലാ യാത്രക്കാരും കൃത്യസമയത്തു കയറിയപ്പോൾ ഫ്ലൈറ്റ് വൈകിക്കാൻ കഴിയില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

റാഞ്ചി വിമാനത്താവളത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു കുട്ടിയെ കുടുംബത്തോടൊപ്പം വിമാനത്തിൽ കയറാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഇൻഡിഗോ എയർലൈൻസ് കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ സംഭവം കൂടി ഉണ്ടായിരിക്കുന്നത്. കുട്ടി മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇൻഡിഗോ യാത്ര നിഷേധിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K