08 May, 2022 08:48:03 PM
'ഷവർമ'യ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള നീക്കവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ 'ഷവർമ'യുടെ നിർമാണവും വിൽപനയും നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.
ഷവർമ കൂടുതലായും യുവജനങ്ങളാണ് ഭക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങളാണ് തുറന്നു പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഷവർമക്ക് നിരോധനമേർപ്പെടുത്താൻആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.