04 May, 2022 02:58:43 PM
ഇന്ത്യന്‍ സ്ത്രീകള്‍ പൊസസീവാണ്; ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ കഴിയില്ല - ഹൈക്കോടതി
അലഹബാദ്: ഭര്‍ത്താവ് വീണ്ടും വിവാഹിതനാകാന്‍ പോകുന്നത് അറിഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. തനിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിനെതിരെ മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തന്‍റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ തേടി പോകുന്നുവെന്നത് വിവാഹിതയായ ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ സ്ത്രീകള്‍ വളരെയധികം പൊസസിവാണെന്നും ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ സ്ത്രീകളില്‍ നിന്ന് യാതൊരുവിധ ദയയോ വിവേകമോ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷിക്കരുതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചതുര്‍വേദി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
സുശീല്‍ കുമാര്‍ എന്നയാള്‍ മൂന്നാമത് വിവാഹം കഴിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ രണ്ടാം ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് സുശീല്‍ കുമാര്‍ വീണ്ടും വിവാഹം കഴിക്കാന്‍ തയാറെടുത്തതെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി.
വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതിനാല്‍ ഭാര്യയെ ആത്മഹത്യയിലേക്ക് എത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 പ്രകാരം സുശീല്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ ഭാര്യയില്‍ സുശീല്‍ കുമാറിന് രണ്ട് മക്കളുണ്ട്. വിവാഹമോചനം ചെയ്യാതെയാണ് സുശീല്‍ കുമാര്‍ വീണ്ടും വിവാഹിതനായത്. താന്‍ വിവാഹിതനാണെന്ന വസ്തുത മറച്ചുവച്ച് ഇയാള്‍ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുകയായിരുന്നു.