04 May, 2022 02:51:39 PM
ഭീമ കൊറേഗാവ് കേസ്; വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല
മുംബൈ: ഭീമ കൊറെഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി. വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു പി. വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം. കഴിഞ്ഞ ഡിസംബറില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു. ഇതിനിടെ മറ്റൊരു ബെഞ്ച്, തിമിര ശസ്ത്രക്രിയക്കായി വരവരറാവുവിന് ഇടക്കാല ജാമ്യം മാത്രം അനുവദിച്ചിരുന്നു. കൊറെഗാവ് യുദ്ധവാര്‍ഷികവുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിനുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.