04 May, 2022 01:15:16 AM
മദ്യപിക്കാനായി ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് സ്ഥലംവിട്ടു; സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ
പാറ്റ്ന: മദ്യപിക്കാനായി ട്രെയിൻ നിർത്തിയിട്ട് ലോക്കോപൈലറ്റ് സ്ഥലംവിട്ടു. ബിഹാറിലാണ് അസിസ്റ്റന്റ് ലോക്കോപൈലറ്റ് മദ്യപിക്കാനായി ട്രെയിൻ നിർത്തിയിട്ടശേഷം മുങ്ങിയത്. സമസ്തിപൂരിൽനിന്ന് സഹർസയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസിന് കടന്നുപോകാനായി നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോപൈലറ്റായ കരൺവീർ യാദവ് എൻജിനിൽനിന്നും മുങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്നു ഒരു ഒരുമണിക്കൂറോളം ട്രെയിൻ വൈകി. ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ മാർക്കറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിൽ ലോക്കോപൈലറ്റിനെ കണ്ടെത്തി. ഡിവിഷണൽ റെയിൽവേ മാനേജർ അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.