02 May, 2022 09:18:06 AM
പഠിക്കാൻ പാക്കിസ്ഥാനിലേക്ക് പോയി ഭീകരരായി മടങ്ങിയ17 ഇന്ത്യൻ യുവാക്കൾ കൊല്ലപ്പെട്ടു
ശ്രീനഗർ: പഠിക്കാൻ സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി ഭീകരരായി മടങ്ങിയെത്തിയ 17 ഇന്ത്യൻ യുവാക്കൾ സൈന്യവുമായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെയാണ് ഇവർ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മാർഗമാണിതെന്നും യുവാക്കൾ കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നതു നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും ഈയിടെ മാർഗനിർദേശം നൽകിയത് ഇതിനെ തുടർന്നാണ്.
2015 മുതലാണ് ഐഎസ്ഐ ഈ മാർഗം പിന്തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ പലരും പാക്കിസ്ഥാനിൽ പഠനം നടത്തുന്ന കാഷ്മീരി യുവാക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. വിശ്വാസ്യതയ്ക്ക് പാക്കിസ്ഥാനിലെ ഹുറിയത് ഓഫീസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.