24 April, 2022 08:05:32 AM
ജമ്മു - കശ്മീർ യാത്ര ഇനി എളുപ്പമാകും; ബനിഹാൾ - കാസിഗുണ്ട് തുരങ്കപാത ഇന്നു തുറക്കും
ശ്രീനഗർ: ജമ്മുവിൽ നിന്ന് കശ്മീരിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്ന ബനിഹാൾ- കാസിഗുണ്ട് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തുറന്നുകൊടുക്കും. ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷത്തിനായി ഇന്നു ജമ്മു കശ്മീരിലെ സാംബയിലെത്തുമ്പോഴാണ് കശ്മീർ താഴ്വരയുടെ വികസനത്തിൽ നിർണായകമാകുന്ന പാത ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്ത് 20000 കോടിയുടെ വികസനപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും.
ബനിഹാൾ - കാസിഗുണ്ട് തുരങ്കപാതയുടെ പ്രത്യേകതകൾ
> 8.45 കിലോമീറ്റർ ദൂരം. ബനിഹാളിനും കാസിഗുണ്ടിനുമിടയിൽ കുറയ്ക്കുന്നത് 16 കിലോമീറ്റർ. യാത്രാ സമയത്തിൽ ഒന്നര മണിക്കൂർ ലാഭം.
> 3100 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയത് രണ്ടു തുരങ്കങ്ങൾ. 500 മീറ്റർ ഇടവിട്ട് ഇരുതുരങ്കങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു.
> ഏതു കാലാവസ്ഥയിലും ജമ്മുവിനും കശ്മീരിനുമിടയിൽ യാത്ര സാധ്യമാകും. ഇതുവരെ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും മഴക്കാലത്തു മണ്ണിടിച്ചിലും മൂലം യാത്ര തടസപ്പെട്ടിരുന്നു.
> സമുദ്ര നിരപ്പിൽ നിന്ന് 5,800 അടി ഉയരത്തിലാണു തുരങ്കങ്ങൾ. ജവഹർ തുരങ്കം, ശെയ്ത്താൻ നള്ള വഴിയുള്ള യാത്രയെന്ന പേടിസ്വപ്നത്തിന് അന്ത്യം. കടുത്ത മഞ്ഞുവീഴ്ച മൂലം ഈ ഭാഗത്ത് പലപ്പോഴും റോഡ് അടച്ചിടേണ്ടിവരാറുണ്ട്. കുപ്പിക്കഴുത്തുപോലുള്ള റോഡിൽ ഗതാഗതക്കുരുക്കും പതിവ്.
> ഓസ്ട്രേലിയൻ തുരങ്ക നിർമാണ മാതൃകയിലാണ് ബനിഹാൾ- കാസിഗുണ്ട് തുരങ്കപാതയുടെ നിർമാണം. 126 ജെറ്റ് ഫാനുകളാണു തുരങ്കത്തിൽ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും ശുദ്ധവായു ഉറപ്പ്.
> 234 സിസിടിവി ക്യാമറകൾ തുരങ്കത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.
> നിർമാണം, പ്രവർത്തനം, കൈമാറ്റം അഥവാ ബിഒടി മാതൃകയിലാണു തുരങ്കത്തിന്റെ പൂർത്തീകരണം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു പൂർത്തീകരിച്ചത്.