22 April, 2022 03:15:18 PM
റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫി എടുത്താല്‍ 2000 രൂപ പിഴ; വാതില്‍പ്പടി യാത്രയ്ക്ക് 500 രൂപയും
ചെന്നൈ: റെയില്‍പ്പാളത്തില്‍ തീവണ്ടി എന്‍ജിന് സമീപത്തുനിന്ന് സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കല്‍പ്പെട്ടിനു സമീപം പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. വാതില്‍പ്പടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത 767പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിരുന്നു. പാളം മുറിച്ചുകടന്ന 1411പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷത്തിനിടെ സബര്‍ബന്‍ തീവണ്ടിയില്‍ നിന്ന് വീണ് 1500-ലധികം പേര്‍ മരിച്ചു. എല്ലാവരും വാതില്‍പ്പടിയിൽ നിന്ന് യാത്ര ചെയ്തവരായിരുന്നു.