14 April, 2022 12:02:54 PM
അഭിഭാഷകരുടെ കറുത്ത കോട്ട് മാറ്റണോ?; പരിശോധിക്കാന്‍ പ്രത്യേക സമിതി
അലഹബാദ്: രാജ്യത്തെ അഭിഭാഷകരുടെ ഡ്രസ്‌കോഡ് മാറ്റണമോയെന്ന് പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചു. അഭിഭാഷകരുടെ നിലവിലെ ഡ്രസ് കോഡായ കറുത്ത കോട്ടും മേല്‍ക്കുപ്പായവും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ചതല്ലെന്ന ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇത് പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിക്ക് മുന്നിലെത്തിയ ഹര്‍ജിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിലപാടറിയിക്കുകയായിരുന്നു.
ഹര്‍ജിയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കാന്‍ 2021 ജൂലൈയില്‍ ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായയുടെയും ജസ്റ്റിസ് അജയ് കുമാര്‍ ശ്രീവാസ്തവയുടെയും ബെഞ്ച് കേന്ദ്രത്തിനും ഉന്നതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഗസ്റ്റ് 18ന് മുന്‍പായി അഭിപ്രായം വ്യക്തമാക്കണമെന്നായിരുന്നു നിര്‍ദേശം. അഭിഭാഷകരുടെ വസ്ത്രങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി-ഇന്‍-പേഴ്‌സണ്‍ അശോക് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജഡ്ജിമാരില്‍ നിന്നും അഭിഭാഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക.