10 April, 2022 11:03:29 AM
ഇന്ന് സമാപനം: സി പി എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും
കണ്ണൂർ: സി പി എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഇന്ന് സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടി ആയതിനാല്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍റെ പേര് ചര്‍ച്ചയായി. സംഘടന റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും.
അഞ്ച് ദിവസം നീണ്ട് നിന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ട് രേഖകളാണ് ചര്‍ച്ച ചെയ്തത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രമേയവും സംഘടനയുടെ പോരായ്മകള്‍ വ്യക്തമാക്കുന്ന സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടും. ബിജെപിക്കെതിരെ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നല്‍കും. തുടര്‍ന്ന് പുതിയ കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് ജവഹര്‍ സ്റ്റേഡിയത്തിലാണ് പൊതു സമ്മേളനം നടക്കുന്നത്.