08 April, 2022 11:03:20 AM
പഞ്ചാബിൽ കോൺഗ്രസ് പോര് തെരുവിൽ, സിദ്ധുവിന്‍റെ പ്രസംഗം തടസപ്പെടുത്തി യൂത്ത് നേതാവ്
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ കടുത്ത പ്രതിസന്ധിയിലായ പഞ്ചാബ് കോൺഗ്രസിൽ വൻപൊട്ടിത്തെറി. പൊതുപരിപാടിയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്‍റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് യൂത്ത് നേതാവ് പരസ്യമായി രംഗത്തുവന്നു.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് ഭവനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയായിരുന്നു രംഗം. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിദ്ധു. കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ക്ലീൻ ഇമേജുള്ള ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു സിദ്ധു പറഞ്ഞു. മാത്രമല്ല, അഴിമതിക്കാർ പലരുണ്ടെന്നും എന്നാൽ, താൻ ആരുടെയും നേരേ വിരൽ ചൂണ്ടില്ലെന്നും അതെല്ലാം ജനങ്ങൾക്ക് അറിയാമെന്നും സിദ്ധു പറഞ്ഞു.
ഇതോടെയാണ് പഞ്ചാബ് കോൺഗ്രസ് യൂത്ത് ചീഫ് ബ്രീന്ദർ സിംഗ് ധില്ലൻ ചാടിയെണീറ്റത്. സിദ്ധു സാഹബ്, നിങ്ങൾ ചെയ്യുന്നത് തെറ്റാണ് - എന്നായിരുന്നു ധില്ലന്‍റെ പ്രതികരണം. നിങ്ങൾ എന്തുകൊണ്ടാണ് പേരുകൾ പറയില്ലെന്നു പറയുന്നത്? - ധില്ലൻ പഞ്ചാബി ഭാഷയിൽ സിദ്ധുവിനോടു ചോദിച്ചു. അഴിമതി ചെയ്തവരെ അറിയാമെങ്കിൽ എന്തിന് അവരുടെ പേരു പറയാൻ മടിക്കണം, അവരുടെ പേരുകൾ പറയുക, അല്ലെങ്കിൽ താങ്കളുടെ ഈ പ്രസംഗമൊക്കെ വെറും നാടകമായി കരുതാനേ കഴിയൂ. - ധില്ലൻ പൊട്ടിത്തെറിക്കുന്നതു പോലെ വിളിച്ചു പറഞ്ഞു.
പ്രതികരണം ഉണ്ടായതോടെ സിദ്ധു തന്‍റെ പ്രസംഗം വൈകാതെ അവസാനിപ്പിച്ചു. പിന്നീട് ധില്ലൻ പാർട്ടിയിൽ ഐക്യത്തിനായി ട്വീറ്റിലൂടെ അഭ്യർഥിച്ചു. കൂട്ടായ തോൽവിയായതിനാൽ നമ്മൾ പരസ്പരം ചെളി വാരിയെറിയരുത്. ചേരിപ്പോരു കാരണം നമ്മൾ കഷ്ടപ്പെട്ടു, ശരിയായില്ലെങ്കിൽ നമ്മൾ അവസാനിക്കും. ഒരുമിച്ച് നിൽക്കാനും പൊതുജനങ്ങൾക്കു വേണ്ടി പോരാടാനുമുള്ള സമയമാണിത്. വ്യക്തി മഹത്വവത്കരണത്തിനല്ല- അദ്ദേഹം കുറിച്ചു.
പഞ്ചാബിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അടുത്തിടെ മീറ്റിംഗുകൾ നടത്തിയിരുന്നു. പുതിയ പിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുമ്പേ സിദ്ധുവിനു നിർണായക റോൾ ഉറപ്പിക്കാനുള്ള ചരടു വലികളാണ് ചിലർ നടത്തിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 നിയമസഭാ മണ്ഡലങ്ങളിൽ 92 എണ്ണത്തിൽ ആം ആദ്മി വിജയിച്ചപ്പോൾ 18 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.