18 March, 2022 08:40:12 AM


ഇന്ത്യ - ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് അടുത്തയാഴ്ച പുനഃരാരംഭിക്കും



കൊല്‍ക്കത്ത: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു. കൊല്‍ക്കത്ത-ധാക്ക മൈത്രേയി, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകൾ അടുത്തയാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനം.

പെട്രാപോള്‍-ബെനാപോള്‍ അതിര്‍ത്തിയിലൂടെയും മറ്റ് റെയില്‍ ചെക്ക് പോസ്റ്റുകളിലൂടെയും ഇന്ത്യ-ബംഗ്ലാദേശ് വാണിജ്യ ട്രെയിന്‍ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. "കൊല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് മാര്‍ച്ച് 26 മുതല്‍ പാസഞ്ചര്‍ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. മൈത്രി, ബന്ധന്‍ എക്സ്പ്രസുകൾ പഴയ ഷെഡ്യൂള്‍ പ്രകാരം ധാക്കയിലേക്കും ഖുല്‍നയിലേക്കും സർവീസ് നടത്തും," റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ധാക്കയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ആധുനിക ഇന്റര്‍നാഷണല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസാണ് മൈത്രീ എക്സ്പ്രസ്. ബ്രിട്ടീഷുകാരുടെ ഇന്ത്യാ വിഭജനത്തിന് മുമ്പ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ടായിരുന്നു. 43 വര്‍ഷത്തോളം അടച്ചട്ടിരുന്ന ധാക്ക - കൊല്‍ക്കത്ത പാത 2008ല്‍ മൈത്രീ എക്‌സ്പ്രസിലൂടെ പുനഃരാരംഭിക്കുകയായിരുന്നു. 2017ൽ ബന്ദന്‍ എക്സ്പ്രസ് എന്ന രണ്ടാമത്തെ ട്രെയിന്‍ സര്‍വീസും ആരംഭിച്ചു. കൊല്‍ക്കത്തയെ ബംഗ്ലാദേശ് നഗരമായ ഖുല്‍നയുമായി ബന്ധിപ്പിക്കുന്ന പഴയ ബാരിസല്‍ എക്സ്പ്രസ് ട്രെയിന്‍ റൂട്ട് ബന്ദന്‍ എക്സ്പ്രസ് സര്‍വീസിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു.

മൈത്രീ എക്‌സ്പ്രസ് ആഴ്ചയില്‍ അഞ്ച് ദിവസമാണ് ഓടുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലെത്താന്‍ ട്രെയിനിന് 400 കിലോമീറ്ററോളം സഞ്ചരിക്കണം. നേരത്തെ കൊല്‍ക്കത്തയിലും ധാക്കയിലും ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് രണ്ട് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. 2017 നവംബര്‍ മുതല്‍ ധാക്കയിലും കൊല്‍ക്കത്തയിലും ഇമിഗ്രേഷനും കസ്റ്റംസും പൂര്‍ത്തിയായി. ഇതോടെ മൈത്രീ എക്‌സ്പ്രസിന്റെ യാത്രാസമയം രണ്ടര മണിക്കൂര്‍ കുറഞ്ഞു. യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 8 മണിക്കൂര്‍ 50 മിനിറ്റ് സമയമെടുക്കും.

നിലവിൽ ബന്ധന്‍ എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു തവണ (ഞായര്‍, വ്യാഴം ദിവസങ്ങളില്‍) സർവീസ് നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. എന്‍ജെപി മുതല്‍ ധാക്ക വരെയുള്ള മിതാലി എക്സ്പ്രസിന്റെ സര്‍വീസും ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് 1947-ല്‍ ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായതോടെ പശ്ചിമ ബംഗാള്‍ ഇന്ത്യയുടെയും, കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാന്റെയും ഭാഗമായി മാറി. 1956ല്‍ കിഴക്കന്‍ ബംഗാളിനെ 'കിഴക്കന്‍ പാകിസ്ഥാന്‍' എന്ന് പുനര്‍നാമകരണം ചെയ്തു. വിഭജനം സൃഷ്ടിച്ച ആഘാതത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള റെയില്‍ ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും പശ്ചിമബംഗാളിലെ കൊല്‍ക്കത്തയെയും കിഴക്കന്‍ പാകിസ്ഥാനിലെ ഖുല്‍നയെയും ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന ബരിസാല്‍ എക്‌സ്പ്രസ് സര്‍വീസ് തുടര്‍ന്നു. 1965ല്‍ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചപ്പോള്‍ ഈ സര്‍വ്വീസ് നിര്‍ത്തലാക്കി. 1971-ല്‍ കിഴക്കന്‍ പാകിസ്ഥാന്‍, 'ബംഗ്ലാദേശ്' എന്ന പുതിയ രാജ്യമായി മാറിയെങ്കിലും റെയില്‍ ഗതാഗതം പുനഃരാരംഭിച്ചത് 2008ല്‍ മൈത്രീ എക്‌സ്പ്രസിലൂടെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K