14 March, 2022 10:51:17 AM


തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംഗമം



ചെന്നൈ: പ്രതിപക്ഷപാർട്ടികളുടെ സംഗമത്തിന് വഴിയൊരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഏപ്രിൽ രണ്ടിന് നടക്കുന്ന ഡിഎംകെയുടെ ഡൽഹി ഓഫീസിന്‍റെ ഉദ്ഘാടനച്ചടങ്ങാണ് പ്രതിപക്ഷപാർട്ടികളുടെ സംഗമത്തിന് വേദിയാകുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഇടതുനേതാക്കൾ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.


അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് സ്റ്റാലിന്‍റെ നേതൃത്വത്തിൽ ചടങ്ങ് നടക്കുന്നത്. ദേശീയതലത്തിൽ പ്രതിപക്ഷത്തുള്ള ബിജെപി ഇതര പാർട്ടികളുടെ മുന്നണിയുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ബിജെപിക്ക് എതിരെ അണിനിരക്കുന്ന മുന്നണിയിൽ കോൺഗ്രസ് വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ള പാർട്ടികളുണ്ട്. കോൺഗ്രസിനെകൂടി ഉൾപ്പെടുത്തിക്കൊണ്ടുളള പ്രതിപക്ഷമുന്നണിയാണ് ഡിഎംകെ മുന്നോട്ട് വെയ്ക്കുന്നത്.


അടുത്തിടെ ചെന്നൈയിൽ നടന്ന സ്റ്റാലിന്‍റെ ആത്മകഥാപ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരളമുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ ഇത് ട്രെയിലറാണെന്നും സിനിമ പിന്നാലെ വരുമെന്നുമാണ് ഡിഎംകെ നേതാവ് കനിമൊഴി എം പി പറഞ്ഞത്. അതിനാൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങ് ഡിഎംകെക്ക്‌ ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാനുളള നിർണ്ണായക ചുവടുമാറ്റങ്ങളാണെന്നും വിലയിരുത്തലുണ്ട്. 


ഇതിനിടെ കേരളത്തിലും ഡിഎംകെയുടെ വേരുകള്‍ പടരുകയാണ്. മിക്കയിടത്തും ജില്ലാ അഡ്ഹോക് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ജില്ലാ കമ്മറ്റി ഓഫീസുകളുടെ ഉദ്ഘാടനവും കഴിഞ്ഞു. പരിപാടികളില്‍ തമിഴ്നാട്ടില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K