13 March, 2022 10:08:55 PM
സോണിയ തുടരും : രാജിസന്നദ്ധത റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതം - ജന. സെക്രട്ടറി
ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽ തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങൾ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തിരുത്തല്‍വാദികളുടെ സമ്മര്‍ദത്തിന്‍റെ ഫലമായിട്ടാണ് ഇന്ന് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുര്‍ജേവാലയും പിന്നാലെയെത്തി. ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചത്.