13 March, 2022 06:49:42 PM
പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി സോണിയാ ഗാന്ധി; തെരഞ്ഞെടുപ്പ് പ്ലീനറി സെഷനില്‍
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വയം വിമര്‍ശനവുമായി സോണിയാ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വിശദമായി പരിശോധിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പുപറഞ്ഞു. കനത്ത തിരിച്ചടി പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കും. കേരളത്തില്‍ സ്വീകരിച്ചത് പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സോണിയാ ഗാന്ധി ഓര്‍മിപ്പിച്ചു.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്ലീനറി സെഷനിലാകും നടക്കുക. എഐസിസി പ്ലീനറി സെഷന്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകും നടക്കുകയെന്നും ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. നേത്വത്തിനെതിരെ ഉയര്‍ന്ന പരസ്യവിമര്‍ശനങ്ങള്‍ തെറ്റെന്ന നിലപാടാണ് സോണിയാ ഗാന്ധി സ്വീകരിച്ചത്. പരാജയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇതില്‍ സ്വന്തം വീഴ്ചകള്‍ കൂടി പരിശോധിക്കണം. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഒരു സ്ഥിരം അധ്യക്ഷന്‍ പാര്‍ട്ടിക്കുണ്ടാകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ വ്യക്തമാക്കി.
നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നെഹ്‌റു കുടുംബത്തിന് അനുകൂലമായി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് നെഹ്‌റു കുടുംബം അനുവാര്യമെന്നാണ് പ്രമേയം. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിവെക്കുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തുനിന്നും നെഹ്‌റു കുടുംബം മാറിനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.